18ാം ലോക്സഭയുടെ ആദ്യസമ്മേളനം തുടങ്ങാനിരിക്കെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ചർച്ചകൾ ആരംഭിച്ച് എൻഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കർ പദവി തങ്ങൾക്ക് നൽകണമെന്ന് ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
അതേസമയം സ്പീക്കർ സ്ഥാനം ബിജെപി തന്നെ ഏറ്റെടുക്കാനാണ് തീരുമാനം. പകരം ചർച്ചയിലൂടെ സമവായത്തിൽ എത്തി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സഖ്യ കക്ഷികളിൽ ഒരാൾക്ക് നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്. ജൂൺ 24 നാണ് 18 -ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. ജൂൺ 26 ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
ഇന്ത്യ മുന്നണിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്പീക്കർ സ്ഥാനാർഥി സ്ഥാനത്തേക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്ന് ജെഡിയു ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു എൻഡിഎ സ്ഥാനാർഥിയായിരിക്കും സ്പീക്കർ സ്ഥാനത്ത് എത്തുകയെന്ന് ടിഡിപിയും പ്രഖ്യാപിച്ചു.