ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. വൈകിട്ട് 5 മണിക്ക് ചേർന്ന യോഗത്തിലാണു തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് മുന്നോട്ട് വെച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി ചെയർപഴ്സനായിരിക്കും തിരഞ്ഞെടുക്കുക.
അതേസമയം, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് 'കാത്തിരുന്നു കാണൂ' എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു.
ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങുകയായിരുന്നു. രാഹുൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നും പാർട്ടിവക്താക്കൾ അറിയിച്ചു.