ഹൈദ്രാബാദ് : രാഷ്ട്രീയ നേതാക്കളെയും അവരുടെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ ആന്ധ്രാപ്രദേശിലെ എൻ ചന്ദ്രബാബു നായിഡു സർക്കാർ നടപടിയെടുത്തു.ഇതുവരെ 100 ഓളം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.39 പേരെ അറസ്റ്റ് ചെയ്യുകയും 67 സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്ക്നോട്ടീസ് നൽകുകയും ചെയ്തു.
മുഖ്യമന്ത്രി നായിഡുവിൻ്റെ ഭാര്യ ഭുവനേശ്വരി,അദ്ദേഹത്തിൻ്റെ മകനും മന്ത്രിയുമായ ലോകേഷിൻ്റെ ഭാര്യ ബ്രാഹ്മിണി,ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ പെൺമക്കൾ,സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈഎസ് ശർമിള എന്നിവരെയാണ് പോസ്റ്റുകളിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള പോസ്റ്റുകളോട് പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നായിഡു തൻ്റെ പാർട്ടി അംഗങ്ങളോട് പറഞ്ഞു.പ്രതിപക്ഷ പാർട്ടിയായ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി,തങ്ങളുടെ പ്രവർത്തകർക്ക് 650ഓളം നോട്ടീസ് നൽകിയിയതായും അവർക്കെതിരെ 147 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും 49 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തതായും പറഞ്ഞു.തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ സൂപ്പർ സിക്സ് വാഗ്ദാനങ്ങൾ നായിഡുവും ഭരണകക്ഷിയായ ടിഡിപിയും പാലിച്ചിട്ടില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമ്മയെ ആന്ധ്രാ പോലീസ് ഇന്നലെ വിളിച്ചുവരുത്തിയിരുന്നു.
അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണത്തിൽ സഹകരിക്കുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.സംവിധായകൻ രാമലിംഗം എന്നയാളുടെ പരാതിയെ തുടർന്നാണ് മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ ഉപദേഷ്ടാവിനെയും കുടുംബാംഗങ്ങളെയും അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരോപിച്ച് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.