വിട പ്രിയ സഖാവേ... സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

32 വര്‍ഷമായി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയത്. 2005 മുതല്‍ 2017 വരെ രാജ്യസഭാംഗമായിരുന്നു.

author-image
Rajesh T L
Updated On
New Update
Sitaram Yechury

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ന്യുമോണിയ ബാധിതനായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. 

32 വര്‍ഷമായി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയത്. 2005 മുതല്‍ 2017 വരെ രാജ്യസഭാംഗമായിരുന്നു.

സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പിന്നീട് ജാതി പേര് ഉപേക്ഷിച്ച് സീതാറാം യച്ചൂരിയായി. 

ഹൈദരാബാദിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി. വിജയവാഡയില്‍ റയില്‍വേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓള്‍ സെയിന്റ്സ് സ്‌കൂളിലും പഠനം തുടര്‍ന്നു. 

സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ബിഎ ഇക്കണോമിക്സില്‍ ഒന്നാം ക്ലാസുമായി ജെഎന്‍യുവില്‍ ഇക്കണോമിക്സ് എംഎയ്ക്ക് ചേര്‍ന്നു. മൂന്നു തവണ ജെഎന്‍യു യൂണിയന്റെ അധ്യക്ഷനായിരുന്നു. 

1984 ല്‍ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വര്‍ഷം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ടിനൊപ്പം സ്ഥിരം ക്ഷണിതാവുമായി. പിറ്റേ വര്‍ഷം കാരാട്ടിനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്. 

1996 ല്‍ യച്ചൂരിയും പി. ചിദംബരവും എസ്. ജയ്പാല്‍ റെഡ്ഡിയും ചേര്‍ന്നിരുന്ന് ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004 ല്‍ യുപിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാന്‍ യച്ചൂരിയും ജയ്റാം രമേശും ഒത്തുകൂടി. ഇന്ദ്രാണി മജുംദാറാണ് ഭാര്യ. മകന്‍: പരേതനായ ആശിഷ് യച്ചൂരി.

 

 

cpm sitaram yechury drudger