ഇന്ദിരക്കെതിരെ കുറ്റപത്രം വായിച്ച പൊടിമീശക്കാരന്‍ നേതാവ്! യെച്ചൂരിയുടെ സമര ജീവിതത്തിന്റെ തുടക്കം

മുദ്രവാക്യം വിളികള്‍ കേട്ട് കൂസാതെ നിന്ന ഇന്ദിരയ്ക്ക് അരികിലെത്തി വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കി സീതാറാം അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളെ പറ്റിയുള്ള ഒരു കുറ്റപത്രം ഇന്ദിരയ്ക്കെതിരെ വായിക്കാന്‍ തുടങ്ങി. ആദ്യഖണ്ഡിക തന്നെ പൊലീസ് ക്രൂരതകളുടെ  ചിത്രമായിരുന്നു. ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു

author-image
Rajesh T L
New Update
sitaram yechury and indira gandhi
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു വനിതയെന്ന ഇന്ദിരാഗാന്ധിയെ വെല്ലുവിളിച്ച് തുടങ്ങിയതാണ് സീതാറാം യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ജീവിതം. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും അപ്പാടെ തകര്‍ന്നടിഞ്ഞു. ഈ ചരിത്രത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് സഖാവ് സീതാറാം യെച്ചൂരിയുടേത്. 

കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും തോല്‍വിയിലേക്ക് നയിച്ച സമരങ്ങളില്‍ മുഖ്യപങ്കുവഹിച്ചവരായിരുന്നു രാജ്യത്തെ വിദ്യാര്‍ത്ഥികള്‍. അടിയന്തരാവസ്ഥക്ക് ശേഷവും ഈ വിദ്യാര്‍ത്ഥി സമരങ്ങള്‍ അവസാനിച്ചില്ല. അടിയന്തരാവസ്ഥ കാലത്ത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാകുന്നത് തടയാന്‍ ചെറുവിരലനക്കാത്ത വൈസ് ചാന്‍സിലര്‍ ഡോ.ബി.ഡി നാഗ് ചൗധരി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലാരംഭിച്ച വിദ്യാര്‍ത്ഥി സമരം ലക്ഷ്യം കണ്ടു. സമ്മര്‍ദ്ദത്തിനൊടുവില്‍ അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നു. 

എന്നാല്‍ അവിടെയും തീര്‍ന്നില്ല വിദ്യാര്‍ത്ഥികളുടെ പ്രശ്നം. തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷവും ഇന്ദിരാഗാന്ധി ജെ.എന്‍.യു ചാന്‍സിലര്‍ പദവില്‍ തുടരുന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ കടുത്ത എതിര്‍പ്പ് വീണ്ടും വര്‍ദ്ധിക്കാന്‍ കാരണം.

അന്നാണ് ഉരുക്കുവനിതയോട് നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് യെച്ചൂരിയെന്ന പൊടിമീശക്കാരന്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുമായി ഇന്ദിരയുടെ വീട്ടിലേക്ക് എത്തുന്നത്. യെച്ചൂരിയുടെ സമര ചരിത്രം തുടങ്ങുന്നത് അന്നായിരുന്നു.

1977 സെപ്റ്റംബര്‍ അഞ്ച്. ജെ.എന്‍.യു കാമ്പസില്‍ നിന്ന് അടിയന്തരാവസ്ഥകാലത്ത് ജയിലിലായിരുന്ന എസ്.എഫ്.ഐ നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. പൊലീസ് ഗേറ്റില്‍ തടഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ പിന്മാറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥകാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരസഹമന്ത്രി ഓം മേത്തയ്ക്കും സന്തതസഹചാരികള്‍ക്കുമൊപ്പം ഇന്ദിരാഗാന്ധി പുറത്തേക്കിറങ്ങി വന്നു.

മുദ്രവാക്യം വിളികള്‍ കേട്ട് കൂസാതെ നിന്ന ഇന്ദിരയ്ക്ക് അരികിലെത്തി വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കി സീതാറാം അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളെ പറ്റിയുള്ള ഒരു കുറ്റപത്രം ഇന്ദിരയ്ക്കെതിരെ വായിക്കാന്‍ തുടങ്ങി. ആദ്യഖണ്ഡിക തന്നെ പൊലീസ് ക്രൂരതകളുടെ  ചിത്രമായിരുന്നു. ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു. അത് അസ്വസ്ഥതയും രോഷമായും മാറി. അവര്‍ സഹചാരികള്‍ക്കൊപ്പം അകത്തേയക്ക് കയറിപ്പോയി. 

തോക്ക് ചൂണ്ടിയ പൊലീസുകാരുടെ മുന്നില്‍ നിന്ന് ആ കൗമാരക്കാരന്‍ വീണ്ടും വായന തുടര്‍ന്നു. എഴുതി തയാറാക്കിയ കടലാസുകള്‍ മുഴുവന്‍ വായിച്ച് തീര്‍ത്ത്, ആ കടലാസുകെട്ടുകള്‍  ഇന്ദിരയുടെ വസതിയില്‍ തന്നെ വച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനമായി തിരികെ ജെഎന്‍യു ക്യാമ്പസില്‍ വന്നത്. അടുത്ത ദിവസം തന്നെ ഇന്ദിര ജെഎന്‍യു ചാന്‍സിലര്‍ പദവി രാജിവച്ചു.

 

 

 

sitaram yechury life cpm politics