യെച്ചൂരിക്ക് അന്ത്യാഞ്ജലി; ശനിയാഴ്ച എകെജി ഭവനില്‍ പൊതുദര്‍ശനം, ഭൗതികശരീരം മെഡിക്കല്‍ പഠനത്തിന്

ഏകെജി സെന്ററില്‍ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി പതിനാല് അശോക് റോഡ് വരെ കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറും.

author-image
Rajesh T L
New Update
Sitaram Yechury death
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഏകെജി സെന്ററില്‍ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി പതിനാല് അശോക് റോഡ് വരെ കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എംയിസിന് കൈമാറും.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയാണ്. 1952 ഓഗസ്റ്റ് 12-ന് സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായി മദ്രാസിലാണ് ജനിച്ചത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുത്ത യെച്ചൂരി, 1974-ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്‌ഐയുടെ ദേശീയ ജോയിന്റ്  സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

 

 

death cpm funeral sitaram yechury