ന്യൂഡൽഹി: ശിരോമണി അകാലി ദൾ (അമൃത്സർ) നേതാവും മുൻ എംപിയുമായ സിമ്രൻജിത് സിങ് മാൻ, നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ നടത്തിയ പരാമർശം വിവാദമാകുന്നു. കങ്കണ റണൗട്ടിന് ബലാത്സംഗത്തിൽ ധാരാളം അനുഭവം ഉണ്ടെന്നു പറഞ്ഞാണു സിമ്രൻജിത് മാൻ നടിയെ അധിക്ഷേപിച്ചത്. കർഷക സമരത്തിനിടെ ബലാത്സംഗം നടന്നുവെന്നും കർഷകരുടെ പ്രതിഷേധം ബംഗ്ലാദേശ് പോലുള്ള പ്രതിസന്ധിയിലേക്കു നയിച്ചേക്കാമെന്നും ഉള്ള കങ്കണയുടെ ആരോപണത്തിനു ദിവസങ്ങൾക്കു ശേഷമാണു സിമ്രൻജിത് സിങ് മാനിന്റെ മറുപടി വന്നത്.
"ബലാത്സംഗം എങ്ങനെ സംഭവിക്കുന്നുവെന്നു നിങ്ങൾക്കു കങ്കണയോട് ചോദിക്കാം. ബലാത്സംഗം എങ്ങനെ സംഭവിക്കുന്നുവെന്ന് അവർക്ക് വിശദീകരിക്കാൻ കഴിയും. ബലാത്സംഗത്തിൽ ധാരാളം അനുഭവങ്ങളുള്ളയാളാണ് അവർ"– മുൻ സംഗ്രൂർ എംപി കൂടിയായ സിമ്രൻജിത് മാൻ പറഞ്ഞു. കർഷക സമരത്തെക്കുറിച്ചും റദ്ദാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങളെക്കുറിച്ചും കങ്കണ നടത്തിയ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു സിമ്രൻജിത് സിങ് മാൻ വിവാദ പരാമർശമുന്നയിച്ചത്.
അതേസമയം കങ്കണയുടെ വിവാദ പരാമർശത്തെ എതിർത്ത ബിജെപി, കങ്കണ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് അറിയിച്ചിരുന്നു. പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ പ്രതികരിക്കാൻ കങ്കണയ്ക്ക് അനുമതിയോ അധികാരമോ ഇല്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.