ബെംഗളൂരു: കർണാടകയിലെ ഇന്ധനവില വർധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങൾക്കായി പണം കണ്ടെത്താൻ സർക്കാരിന് സഹായകരമാകുമെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. മൂന്ന് രൂപ വില വർധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കേന്ദ്രസർക്കാരിനെതിരേയും സിദ്ധരാമയ്യ രൂക്ഷവിമർശനം ഉന്നയിച്ചു. കേന്ദ്രം തങ്ങളുടെ നികുതി വർധിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ സംസ്ഥാന നികുതി കുറച്ച് ജനങ്ങളെ വഞ്ചിച്ചു. ഈ കൃത്രിമം സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുന്നതിനും കേന്ദ്രത്തിന്റെ ഖജനാവിലേക്ക് കൂടുതൽ പണം എത്തുന്നതിനും വഴിവെച്ചു.
'വിൽപനനികുതി വർധിപ്പിച്ചതിന് ശേഷവും സംസ്ഥാനത്തെ ഇന്ധനനിരക്ക് പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാളും മഹാരാഷ്ട്രയേക്കാളും കുറവാണ്. സംസ്ഥാനത്തെ പുതിയ നിരക്ക് ജനങ്ങൾക്ക് താങ്ങാനാകുന്നതാണ്', സിദ്ധരാമയ്യ എക്സിൽ കുറിച്ചു.