ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് കണ്ടെത്തിയ മുൻ ബി.ജെ.പി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ അഞ്ചംഗ സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചത്.
ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിയമമന്ത്രി എച്ച്.കെ പാട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരും ഉൾപ്പെടുന്നു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ ബിജെപി കാലത്തെ 21 അഴിമതികളെക്കുറിച്ച് താന്‍ തന്നെ പരാമര്‍ശിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിജെപിക്കെതിരായ പ്രതികാര നടപടിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.