2001ലെ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിഘടനവാദി നേതാവായ അഫ്‌സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ റാംബാനില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ പാടില്ലായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സാഹിബ് പറഞ്ഞത് ഞാന്‍ കേട്ടു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിന് പകരം പരസ്യമായി പൂമാലയിട്ട് സ്വീകരിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത് എന്നാണ് അദ്ദേഹത്തോട് എനിക്ക് ചോദിക്കാനുള്ളത്.' രാജ്‌നാഥ് സിങ് പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ഒമര്‍ അബ്ദുള്ള വിവാദ പരാമര്‍ശം നടത്തിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുവഴി ഒരു ലക്ഷ്യവും നേടാന്‍ സാധിച്ചില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നായിരുന്നു ഒമര്‍ അബ്ദുള്ള പറഞ്ഞത്.
ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 'ജമ്മു കശ്മീരില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ പാക് അധീന കശ്മീരിലെ ജനങ്ങള്‍ പറയും, തങ്ങള്‍ പാകിസ്താനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യയ്‌ക്കൊപ്പം പോകണമെന്ന്. പാകിസ്താനിലെ ജനങ്ങള്‍ അവരെ വിദേശികളായാണ് കാണുന്നത്. എന്നാല്‍ ഇന്ത്യ അവരെ സ്വന്തം ജനങ്ങളായാണ് പരിഗണിക്കുന്നത്. വരൂ, ഞങ്ങള്‍ക്കൊപ്പം ചേരൂ.' രാജ്‌നാഥ് സിങ് പറഞ്ഞു.
'ടെററിസം കേന്ദ്രമായിരുന്ന (ഭീകരവാദ കേന്ദ്രം) ജമ്മു കശ്മീര്‍ ഇന്ന് ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ്. മുമ്പ് കശ്മീര്‍ താഴ്‌വരയിലെ യുവാക്കളുടെ കൈകളില്‍ തോക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അവിടെ പോയി മാറ്റം കാണൂ. തോക്കുകള്‍ക്ക് പകരം അവരുടെ കൈകളില്‍ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളുമാണുള്ളത്. ഇത് വലിയ മാറ്റമാണ്. 2022ന് ശേഷം ഒരു കല്ലേറ് പോലും ഉണ്ടായിട്ടില്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്നും ഇവര്‍ (നാഷണല്‍ കോണ്‍ഫറന്‍സ്) പറയുന്നു. ബി.ജെ.പി. ഇന്ത്യയില്‍ ഉള്ളിടത്തോളം കാലം അതിനുള്ള ധൈര്യം ആര്‍ക്കുമുണ്ടാകില്ല.' പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.