ചണ്ഡീഗഢ്:ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തി പാരിസ് ഒളിമ്പിക്സിലെ ഇരട്ട മെഡല്‍ ജേതാവ് മനുഭാക്കര്‍. ഇരുപത്തിരണ്ടു വയസ്സുകാരിയായ മനുവിന്റെ കന്നി വോട്ടാണിത്.
'മാതാപിതാക്കള്‍ക്കൊപ്പം പോളിങ് ബൂത്തിലേക്ക് വന്നിരുന്ന തന്റെ കുട്ടിക്കാല ഓര്‍മ്മയാണ് വോട്ട് ചെയ്യാനുള്ള പ്രചോദനം. ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കേണ്ടത് എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്വമാണ്. ചെറിയ ചുവടുകളാണ് വലിയ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. ഞാന്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്' മനു ഭാക്കര്‍ പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനായുള്ള സംഭാവനകള്‍ നല്‍കേണ്ടത് എല്ലാ യുവജനങ്ങളുടേയും ഉത്തരവാദിത്തമാണെന്ന് വോട്ട് ചെയ്യാനായെത്തിയ മനു മാധ്യമങ്ങളോട് പ്രതികരിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി രണ്ട് വെങ്കലമെഡലുകള്‍ നേടിയ താരമാണ് മനു ഭാക്കര്‍. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിലുമാണ് താരം മെഡല്‍ നേടിയത്.