ഷിരൂർ (കർണാടക): ഷിരൂർ ദുരന്തത്തിനു കാരണമായത് അശാസ്ത്രീയമായ ദേശീയപാതയിലെ നിര്‍മാണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) റിപ്പോര്‍ട്ട്. പന്‍വേല്‍- കന്യാകുമാരി ദേശീയപാത 66ന്റെ ഭാഗമായ ഷിരൂരിൽ കുന്നുതുരന്ന് അശാസ്ത്രീയമായ രീതിയിൽ റോഡ് വീതികൂട്ടിയതാണ് മലയിടിച്ചിലിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.
കുന്നിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനോടൊപ്പം അതിശക്തമായ മഴ പെയ്തതും കുന്നിടിച്ചിലിനു കാരണമായി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഷിരൂരിൽ പെയ്തത്. നിലവിലെ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതല്‍ നാശമുണ്ടാകാൻ സാധ്യതയുണ്ടെന്നും അത് തടയാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
അതേസമയം, മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. കുന്നിന്റെ ഘടനയില്‍ മാറ്റമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ വീതികൂട്ടാനായി കുന്ന് തുരന്ന് നടത്തിയ നിർമാണം മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.