ധാക്ക: ബംഗ്ലദേശ്ആഭ്യന്തര കലാപത്തെ തുടർന്ന് പ്രധാനമന്ത്രി പദവി രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു പിന്നാലെ, ഔദ്യോഗിക വസതിയായ ഗണഭബൻ ‘കാലിയാക്കി’ പ്രക്ഷോഭകാരികൾ. ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന മീനുകളും താറാവുകളും സമരക്കാർ സ്വന്തമാക്കി. കോഴിയും മീനും താറാവുമായി നിരത്തിലൂടെ നീങ്ങുന്നവർ കൗതുക കാഴ്ചയായി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഹസീനയുടെ ഔദ്യോഗിക വസതിയിലെ ബൾബുകളും ഫാനും കസേരയും മേശയുമെല്ലാം പ്രക്ഷോഭകാരികൾ കൈക്കലാക്കി കഴിഞ്ഞു. ഹസീനയുടെ സാരികളും മറ്റ് വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. ചിലർക്ക് ഔദ്യോഗിക വസതിയിലെ ചെടികളോടായിരുന്നു താൽപര്യം. മറ്റുചിലർ വസതിക്കു മുന്നിൽനിന്ന് സെൽഫിയെടുത്തു. കട്ടിലില്‍ വിശ്രമിക്കുന്നതിന്റെ ഫോട്ടോയും വിഡിയോയും പകർത്തി ആസ്വദിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ജനലുകളും വാതിലുകളും തകർത്തു. രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയും അക്രമകാരികൾ കേടുവരുത്തി.
വിദ്യാർഥി സംഘടനകളുടെ നിസ്സഹകരണ സമരം കലാപമായി ആളിക്കത്തിയതോടെയാണ് ബംഗ്ലദേശ് പ്രധാനമന്ത്രി പദവിയിൽനിന്നു ഷെയ്ഖ് ഹസീന രാജിവച്ചത്. ജോലി സംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം സർക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരമായി മാറുകയായിരുന്നു. സൈനിക വിമാനത്തിൽ രാജ്യം വിട്ട അവർ ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഇന്ത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലദേശിലെ വസ്ത്രനിർമാണ ശാലകൾ അടച്ചു. സ്കൂളുകളും കോളജുകളും തുറന്നെങ്കിലും ക്ലാസുകളിൽ വിദ്യാർഥികളില്ലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.