മുംബൈ: കുതിരക്കച്ചവടത്തിനും കുതികാല്‍ വെട്ടിനും എന്നും പേരുകേട്ടയിടമാണ് മഹാരാഷ്ട്ര. ഞങ്ങളിതെത്ര കണ്ടതാണെന്ന് ചിന്തിക്കുന്നവരുടെ ഇടയിലേക്കാണ് ഇക്കുരി പിളര്‍പ്പും കുതിരകച്ചവടവുമായി താമര വിരിയിക്കാന്‍ ബിജെപി എത്തിയത്. വര്‍ഷങ്ങളായി നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി കുതന്ത്രങ്ങള്‍ പയറ്റിയ ഇടമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലവും വ്യത്യസ്തമായിരുന്നില്ല.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ അജിത് പവാര്‍ കാല് മാറിയതായിരുന്നു ഏറ്റവും അവസാനമായി മഹാരാഷ്ട്രയിലെ ഇന്ത്യ മുന്നണി കക്ഷികള്‍ക്കേറ്റ അവസാന അടി. എന്നാല്‍ ഇപ്പോള്‍ ഫലം പുറത്ത് വന്നപ്പോള്‍ കാണുന്നത് ചതിയുടെ പത്മവ്യൂഹം ഭേദിക്കുന്ന ഇന്ത്യ മുന്നണിയുടെ യുപിഎ സഖ്യത്തെയാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സംസ്ഥാനമായതിനാല്‍ മഹാരാഷ്ട്രയിലെ ട്രെന്‍ഡ് കേന്ദ്രത്തിലെ അധികാര കസേരയ്ക്ക് നിര്‍ണായകമായിരിക്കുകയാണ്.
പാര്‍ട്ടികളെ പിളര്‍ത്തിയതിലുള്ള മോശം പ്രതിച്ഛായയും ഭരണവിരുദ്ധ വികാരവുമാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായത്. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനൊപ്പം ചര്‍ച്ചയാകുന്നത് ശരദ് പവാര്‍ എന്ന അതികായന്റെ സ്വാധീനവലയമാണ്. ശിവസേനയേയും എന്‍സിപിയെയും നെടുകെ പിളര്‍ത്തിയുള്ള ബിജെപിയുടെ സമഗ്രാധിപത്യത്തില്‍ ദുര്‍ബലമായ മഹാവികാസ് അഘാഡി എന്ന മുന്നണി. കോണ്‍ഗ്രസിലെ വന്‍തോക്കുകളെ അടര്‍ത്തിമാറ്റിയുള്ള തന്ത്രം.
എന്നാല്‍ മുങ്ങാതിരിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ശരദ് പവാറും ഉദ്ധവ് താക്കറെയും കൈകോര്‍ത്തുപിടിച്ചതോടെയാണ് താമരയുടെ വാട്ടം അനായാസമാക്കിയത്.പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടവരെ ജനം ഏറ്റെടുത്തു. സഹതാപത്തിനപ്പുറം ഭരണത്തോടുള്ള കടുത്ത അമര്‍ഷവും മഹായുതിക്ക് എതിരായി ഭവിച്ചു.
കര്‍ഷക രോഷത്തിന്റെ നിശബ്ദ അലയൊലികള്‍, വിലക്കയറ്റം.. ഇതെല്ലാം മോദി ഫാക്ടര്‍ കൊണ്ട് മറികടക്കമാമെന്ന കണക്കുകൂട്ടലുകള്‍ പാടെ പൊളിഞ്ഞു. സംവരണ വിഷയത്തില്‍ മറാഠകളും ഒബിസിക്കാരും ഒരുപോലെ മുഖംതിരിച്ചു. മുസ്ലിം, മറാഠ, ദളിത് വോട്ടുകള്‍ ഇന്ത്യാമുന്നണിയിലേക്ക് ചാഞ്ഞതോടെ ചിത്രം മാറി.
കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടിയ 15ല്‍ 11 ഇടത്തും ബിജെപി തോറ്റു. കഴിഞ്ഞതവണത്തെ ഒരൊറ്റ സീറ്റില്‍ നിന്നും 13ലേക്ക് കോണ്‍ഗ്രസിന്റെ കുതിപ്പ്. ബിജെപി സഖ്യത്തിന് ഇക്കുറി നഷ്ടമായത് 24 സീറ്റ്. ദേശീയതലത്തിലും ഇത് വലിയ ആഘാതമായി. മത്സരിച്ച പത്തില്‍ ബാരാമതി ഉള്‍പ്പെടെ എട്ട് സീറ്റും നേടി ശരദ് പവാര്‍ എന്ന അതികായന്‍ തനിക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിച്ചു.
സ്വന്തം തട്ടകമായ മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന കാഴ്ചവച്ചത് വന്‍ മുന്നേറ്റം. എന്നാല്‍ ഭൂരിപക്ഷം എം.പിമാരും ഒപ്പമുണ്ടായിട്ടും ഷിന്‍ഡെ പക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ ഭൂരിപക്ഷത്തില്‍ എഴുപതിനായിരം വോട്ടുകളുടെ ഇടിവുണ്ടായതും തിരിച്ചടിയാണ്. ഭാര്യ സുനേത്ര പവാറിന്റെ തോല്‍വി ഉള്‍പ്പെടെ കനത്ത ആഘാതമേറ്റ അജിത് പവാറിന് നാലുമാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വന്‍ വെല്ലുവിളിയാകും ഉയര്‍ത്തുക.