ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എൽ.സി.യുമായ സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജൂലൈ ഒന്നുവരെ കസ്റ്റഡിയിൽ വിട്ടു. കോടതി ഉത്തരവ് പ്രകാരം കർണാടക പോലീസ് ക്രമിനൽ ഇൻവെസ്റ്റിഗേഷൻ(സി.ഐ.ഡി.) സംഘത്തിന്റെ കസ്റ്റഡിയിൽ എട്ട് ദിവസത്തേക്ക് സൂരജ് തുടരും.
സൂരജിനെ കൂടാതെ സഹോദരൻ പ്രജ്ജ്വൽ രേവണ്ണയേയും ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. എസ്.ഐ.ടി. കസ്റ്റയിലായിരുന്ന പ്രജ്ജ്വലിനെ ചൊവ്വാഴ്ച കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണസംഘം വീണ്ടും കോടതിയെ സമീപിച്ചത്.
മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്. ഹാസനിലെ അറക്കൽഗുഡ് സ്വദേശിയും ജെ.ഡി.എസ്. പ്രവർത്തകനുമായ യുവാവ് നൽകിയ പരാതിയിലായിരുന്നു സൂരജിന്റെ അറസ്റ്റ്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ഫാം ഹൗസിൽ ചെന്നപ്പോൾ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നായിരുന്നു 27-കാരന്റെ പരാതി.