കോയമ്പത്തൂര്‍: വാല്‍പ്പാറയിലെ സര്‍ക്കാര്‍ കോളെജിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് സതീഷ്‌കുമാര്‍ (39), എം മുരളിരാജ് (33), ലാബ് ടെക്‌നീഷ്യന്‍ അന്‍ബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകന്‍ എന്‍ രാജപാണ്ടി (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ആര്‍ അംബികയുടെ പരാതിയിെ തുടര്‍ന്നാണ് അറസ്റ്റ്.
വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതികള്‍ ക്ലാസിലും ലാബിലും വച്ച് ശല്യപ്പെടുത്തിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നും വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ നിവേദനം നല്‍കിയിരുന്നു. വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയക്കാറുണ്ടന്നും നിവേദനത്തില്‍ പറയുന്നു. നിവേദനം ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്ച് കോളേജില്‍ ആര്‍ അംബികയും കോളജിയേറ്റ് എഡ്യൂക്കേഷന്‍ റീജനല്‍ ജോ. ഡയറക്ടര്‍ വി കലൈസെല്‍വിയും നേരിട്ടെത്തി അന്വേഷണം നടത്തി. അന്വേഷണ സംഘത്തോട് വിദ്യാര്‍ത്ഥിനികള്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.
പിന്നാലെ സാമൂഹ്യക്ഷേമ ഓഫീസര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു.നാല് പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനം, തമിഴ്‌നാട് സ്ത്രീ പീഡന നിയമത്തിലെ സെക്ഷന്‍ നാല് എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.