വിമാനത്തില്‍ വെച്ച് സഹയാത്രികനില്‍ നിന്നും നേരിട്ട ലൈംഗീകാതിക്രമത്തെകുറിചുള്ള ദുരനുഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ച് യുവതി. ലൈംഗിക അതിക്രമം കാട്ടിയ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി നേരിട്ട ദുരനുഭവം വേദനയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും എംപിയും ജിന്‍ഡാല്‍ സ്റ്റീല്‍ ചെയര്‍മാനുമായ നവീന്‍ ജിന്‍ഡാല്‍ വ്യക്തമാക്കി.കല്‍ക്കട്ടയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് തനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ജിന്‍ഡാല്‍ സ്റ്റീലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്നാണ് തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞത്. 65 വയസ് പ്രായമുണ്ടാകും, ഒമാനിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്ന് പറഞ്ഞു. വിമാനത്തില്‍ കയറിയതിന് പിന്നാലെ അദ്ദേഹം ഓരോ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങി. വീട്, ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളെല്ലാം സംസാരിച്ചു. സംഭാഷണ മധ്യേ എന്താണ് ഹോബിയെന്ന് ചോദിച്ചു. സിനിമ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്ന് മറുപടി പറഞ്ഞതോടെ ചില വിഡിയോകള്‍ കാണിക്കാമെന്ന് പറഞ്ഞ് അയാള്‍ മൊബൈലില്‍ അശ്ലീല വീഡിയോ ഓപ്പണ്‍ ചെയ്തുവെന്നും യുവതി പറയുന്നു.