ചണ്ഡിഗഡ്: ഹരിയാന മുൻ മന്ത്രിയും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമക്കേസ് ഫയൽ ചെയ്ത് ചണ്ഡിഗഡ് ജില്ലാ കോടതി. വനിതാ ജൂനിയർ അത്‌ലറ്റിക് കോച്ച് രണ്ടുവർഷം മുൻപ് ഉന്നയിച്ച പരാതിയിലാണ് കോടതി നടപടി എടുത്തത്. കേസിൽനിന്ന് മുക്തനാക്കണമെന്നാവശ്യപ്പെട്ട് സന്ദീപ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഓഗസ്റ്റ് 17ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.
രണ്ടുവർഷം മുമ്പ് ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സന്ദീപ് കുമാർ ഹരിയാന സ്പോർട്സ് മന്ത്രിയായിരിക്കേ ഔദ്യോഗികവസതിയിൽവച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ കോച്ചിന്റെ പരാതി. സമൂഹമാധ്യമത്തിലൂടെ മന്ത്രിയെ പരിചയപ്പെട്ട കോച്ചിനെ ജോലിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
എന്നാൽ, 2022 ഡിസംബറിലാണ് പരിശീലക ഇതുസംബന്ധിച്ച് ചണ്ഡിഗഡ് പൊലീസിൽ പരാതി നൽകിയത്. പരാതി കെട്ടിച്ചമച്ചതാണെന്നും വിദേശത്ത് പരിശീലനത്തിനും ജോലിക്കും അയയ്ക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണിതെന്നുമാണ് സന്ദീപ് സിങ് പരാതിയിൽ പ്രതികരിച്ചത്. അതേസമയം, സന്ദീപിന്റെ പേരിൽ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളി.