ലൈംഗികപീഡനക്കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ എം.പിയെ ആറു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം ജര്‍മനിയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 12.45നു ബംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ മൂന്നംഗ വനിതാ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ്. ഉദ്യോഗസ്ഥരായ സുമന് ഡി. പെന്നെകറും സീമ ലട്കറും നേതൃത്വം നല്കി. ജീപ്പില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതും ചോദ്യംചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥരാണെന്നു പോലീസ് വ്യക്തമാക്കി.
പ്രജ്വലിന്റെ കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരേ ആയിരുന്നതിനാല്‍ സ്ത്രീകളുടെ അധികാരം അറിയിക്കുകയാണു പോലീസ് നടപടിയിലൂടെ ലക്ഷ്യമിട്ടതെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി മാധ്യങ്ങളോടു പറഞ്ഞു.