മുംബൈ: എല്ലാ നഗ്‌നചിത്രങ്ങളും അശ്ലീലമല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകളിൽ മുൻധാരണയോ പ്രത്യയശാസ്ത്ര നിലപാടോ സ്വാധീനം ചെലുത്താൻ പാടില്ലെന്നും ബോംബെ ഹൈക്കോടതി. എഫ് എൻ സൗസ, അക്ബർ പദംസി എന്നിവരുടെ ചിത്രങ്ങൾ 'അശ്ലീലം' എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി.
നഗ്‌നചിത്രങ്ങൾ വികൃതവും യുക്തിരഹിതവുമാണെന്നു മുദ്രകുത്തി കഴിഞ്ഞ ജൂലൈയിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കോടതി റദ്ദാക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് തിരിച്ചുനൽകണമെന്നും നിർദേശിച്ചു. കസ്റ്റംസ് വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യവസായിയും കലാസ്വാദകനുമായ മുസ്തഫ കറാച്ചിവാല നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മനഃപ്പൂർവം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതാണ് അശ്ലീല സാമഗ്രികൾ. നഗ്നചിത്രങ്ങളെ ആ രീതിയിൽ കാണാൻ കഴിയുന്നതല്ല. ഇത്തരം കലാസൃഷ്ടികൾ കാണാനോ ആസ്വദിക്കാനോ ആരേയും നിർബന്ധിക്കുന്നില്ല. എന്നാൽ കലാസൃഷ്ടികളെ വിലയിരുത്തുമ്പോൾ മുൻധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.