ന്യൂഡൽഹി: മദ്യനയഅഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി.ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ ഹർജി പരിഗണിക്കുന്നത് വരെയാണ് ജാമ്യ ഉത്തരവ് സ്റ്റേചെയ്തിരിക്കുന്നത്.
തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കെജ്‌രിവാളിൻ്റെ ജാമ്യത്തെ ചോദ്യം ചെയ്ത് ഇഡി ഹൈക്കോടതി സമീപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്.റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷ്യം രൂപയുടെ ജാമ്യത്തുകയിലായിരുന്നു ഇന്നലെ ജാമ്യം അനുവദിച്ചത്.
കെജ്‌രിവാളിനെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, അന്വേഷണത്തെ തടസ്സപ്പെടുത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് ഉൾപ്പെടെയുള്ള നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. 2021-22 ലെ ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന കേസിൽ മാർച്ച് 21 നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.