ന്യൂഡൽഹി: ഇസ്രയേലിനെതിരെ ചൊവ്വാഴ്ച ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഇസ്രയേൽ എംബസിയുടെ സുരക്ഷ വർധിപ്പിച്ചു. എംബസിയ്ക്കുള്ളിലും സമീപത്തും പട്രോളിങ് വർധിപ്പിച്ചതായും പോലീസ് സേനയുടെ ഒരു സംഘത്തെ എംബസി സുരക്ഷയ്ക്കായി വിന്യസിച്ചതായും ഡൽഹി പോലീസ് അധികൃതർ അറിയിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച സമയത്തുതന്നെ ഇസ്രയേൽ എംബസിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഹമാസ് തലവൻ ഇസ്മയിൽ ഹനിയെയുടെ വധത്തെ തുടർന്ന് ഇന്റലിജൻസ് ഏജൻസികളിൽനിന്ന് ലഭിച്ച മുന്നറിപ്പുകൾ കണക്കിലെടുത്ത് ഓഗസ്റ്റ് മാസത്തിൽ ഇസ്രയേൽ എംബസിയുടേയും ചബാദ് ഹൗസിന്റേയും സുരക്ഷ ഡൽഹി പോലീസ് പുനഃപരിശോധിച്ചിരുന്നു.
2021-ലും 2023-ലും സംശയാസ്പദമായ രീതിയിൽ രണ്ട് തവണ എംബസിയ്ക്ക് സമീപം സ്‌ഫോടനങ്ങൾ നടന്നിരുന്നു. ഇരുസ്‌ഫോടനങ്ങളിലും ആളപായം സംഭവിച്ചിരുന്നില്ല. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഇസ്രയേൽ എംബസിയുടെ സുരക്ഷ വർധിപ്പിക്കുന്നത്.