ചെറുകിട കമ്പനികൾ പ്രാഥമിക ഓഹരി വിൽപന നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നത് വർധിച്ചതോടെ ഇത്തരം സ്ഥാപനങ്ങളുടെ മേൽ കർശന നിരീക്ഷണത്തിനൊരുങ്ങി സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഫണ്ടുകളുടെ ഉപയോഗം നിരീക്ഷിക്കുന്നതും മർച്ചൻറ് ബാങ്കർമാർക്കായി കർശനമായ ജാഗ്രതാ മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള മേൽനോട്ടം സെബി പരിഗണിക്കുന്നതായാണ് സൂചന. ഐപിഒയ്ക്ക് ശേഷം ഈ കമ്പനികൾ അവരുടെ ഫണ്ടുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻറെ സൂക്ഷ്മ നിരീക്ഷണം നടത്തും. ഐപിഒ നടത്തുന്ന കമ്പനിയുടെ ദീർഘ കാലത്തെ പ്രവർത്തന ഫലം പരിശോധിക്കുന്നതും സാമ്പത്തിക പ്രസ്താവനകളുടെ കൂടുതൽ സൂക്ഷ്മപരിശോധനയും സെബി ഉറപ്പാക്കും. അതേ സമയം, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്നും ബിഎസ്ഇ ലിമിറ്റഡിൽ നിന്നും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ലിസ്റ്റിംഗിൻറെ അംഗീകാരം നൽകാനുള്ള അവകാശം ഏറ്റെടുക്കാൻ സെബി തയ്യാറല്ലെന്നാണ് സൂചന. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എസ്എംഇ) ലിസ്റ്റിംഗ് അംഗീകാര പ്രക്രിയയ്ക്ക് സെബി നേരിട്ട് മേൽനോട്ടം വഹിക്കണമെന്ന് ചില നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.കോവിഡിന് ശേഷമാണ് ചെറുകിട കമ്പനികളുടെ ലിസ്റ്റിംഗ് കൂടിയത്. രണ്ടാഴ്ച മുമ്പ്, രണ്ട് ഔട്ട്ലെറ്റുകളും എട്ട് ജീവനക്കാരും മാത്രമുള്ള ഒരു മോട്ടോർസൈക്കിൾ ഡീലർഷിപ്പ് നടത്തിയ ഐപിഒക്ക് 400 മടങ്ങിലധികം അപേക്ഷയാണ് ലഭിച്ചത്. എസ്എംഇ ഐപിഒകളുടെ ഗുണനിലവാരം പോലും ചോദ്യം ചെയ്യപ്പെടുകയാണ് ഇത്തരം പ്രവണതകളിലൂടെയെന്നാണ് ആരോപണം.