മുംബൈ: ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബിയുടെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുചിനെതിരെ വീണ്ടും ആരോപണം. സെബിയില്‍ അംഗവും പിന്നീട് മേധാവിയുമായിരിക്കേ തന്നെ മാധബി ചട്ടവിരുധമായി മറ്റൊരു കമ്പനിയില്‍നിന്നു വരുമാനം നേടിയെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനിസില്‍നിന്നുള്ള രേഖകള്‍ അധിഷ്ഠിതമാക്കി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി ഗ്രൂപ്പിലേക്കു വിദേശത്തുനിന്നു പണമൊഴുക്കിയ മൗറീഷ്യസിലെയും ബര്‍മുഡയിലെയും കടലാസ് കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ കാര്യക്ഷമമായി അന്വേഷിക്കാന്‍ സെബി മടിക്കുന്നതിനു പിന്നിലെ കാരണമിതാണെന്നുമാണു കഴിഞ്ഞയാഴ്ച യുഎസ് ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്. ആരോപണങ്ങള്‍ മാധബിയും ഭര്‍ത്താവും സെബിയും നിഷേധിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വിഷയത്തില്‍ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിനുള്ള തയാറെടുപ്പിലുമാണ്. ഇതിനിടെയാണു മാധബിക്കുമേല്‍ കുരുക്കുമുറുക്കി പുതിയ ആരോപണം. കഴിഞ്ഞ ഏഴു വര്‍ഷമായി സെബിയില്‍ അംഗമായിരിക്കേ തന്നെ, സ്വന്തം കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍നിന്ന് മാധബി വരുമാനം നേടിയെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.
2017ലാണ് മാധബി സെബി അംഗമാകുന്നത്. 2022 മാര്‍ച്ചില്‍ ചെയര്‍പഴ്‌സനായി നിയമിതയായി. ഇക്കഴിഞ്ഞ ഏഴു വര്‍ഷക്കാലവും തനിക്ക് 99% ഓഹരി പങ്കാളിത്തമുള്ള അഗോറ അഡൈ്വസറി എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍നിന്ന് 3.71 കോടി രൂപയുടെ വരുമാനം മാധബി നേടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. സെബി അംഗമായാല്‍ മറ്റു കമ്പനികളില്‍നിന്നു ലാഭമോ ശമ്പളമോ ഫീസുകളോ വാങ്ങരുതെന്ന സെബിയുടെ 2008ലെ ചട്ടമാണ് മാധബി ലംഘിച്ചത്.
സെബി അംഗങ്ങള്‍ക്ക് മറ്റ് ബിസിനസ് താല്‍പര്യങ്ങള്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനവുമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആരോപണം ഗുരുതരമാണെന്നും സെബി മേധാവിയായി തുടരാന്‍ മാധബിക്ക് ഇനി അര്‍ഹതയില്ലെന്നുമുള്ള വാദവുമായി മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗും രംഗത്തെത്തിയിട്ടുണ്ട്.