ഹരിയാനയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ. തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകമാണെന്നും തോല്‍വിക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് കൃത്യമായി വിലയിരുത്തണമെന്നും സെല്‍ജ പറഞ്ഞു. ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം ഉള്ളപ്പോഴും കോണ്‍ഗ്രസിന്റെ പരിതാപകരമായ സ്ഥിതിയില്‍ കൃത്യമായ വിശകലനം വേണമെന്നും സെല്‍ജ കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാശ കണ്ട് ഏറെ വിഷമം തോന്നുന്നു. പരാജയത്തിന്റെ കാരണം എന്താണെന്ന് ഹൈക്കമാന്‍ഡ് കണ്ടെത്തുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.' പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നും സെല്‍ജ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന മോശം ഇമേജുള്ള ബി.ജെ.പിയും വിശ്വാസ്യയോഗ്യമായ കോണ്‍ഗ്രസും എന്ന രണ്ട് ഘടങ്ങളും തെറ്റായിരുന്നു. ഈ രണ്ടു ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സെല്‍ജ ഭൂപീന്ദ്ര ഹൂഡയ്‌ക്കെതിരേ ഒളിയമ്പെയ്യാനും മറന്നില്ല. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിതരണം ഒരു പ്രശ്‌നമാണെന്ന് പറഞ്ഞ സെല്‍ജ ഇപ്പോള്‍ എങ്ങനെയാണ് അതിനെക്കുറിച്ച് പറയുകയെന്നും ചോദിച്ചു.
ഇതുപോലെയായിരിക്കില്ല ഭാവിയിലെന്നും പത്ത് വര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെച്ചതാരെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയുമെന്നും ഉറപ്പുണ്ട് സെല്‍ജ പറഞ്ഞു.