ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമായിരിക്കുമെന്നും കോണ്‍ഗ്രസ് പി.സി.സി. അധ്യക്ഷന്‍ താരഖ് ഹമീദ് കര്‍ അറിയിച്ചു. സി.പി.എമ്മിനും പാന്തേഴ്‌സ് പാര്‍ട്ടിക്കും ഓരോ സീറ്റുകള്‍ വീതം നീക്കിവെച്ചു. ശ്രീനഗറില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രഖ്യാപനം. 90 സീറ്റുകളിലേക്കാണ് ജമ്മുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുപോരാടുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വര്‍ഗീയവത്കരിക്കാനും ഭിന്നിപ്പിക്കാനും രാജ്യത്തെ തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒരുമിച്ച് പോരാടാനാണ് രാജ്യത്ത് ഇന്ത്യ സംഖ്യം രൂപവത്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ജമ്മു കശ്മീരിന്റെ ആത്മാവ് സംരക്ഷിക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെ ദൗത്യമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഒന്നിച്ച് പോരാടി ജയിക്കും. ജമ്മുവില്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. തിങ്കളാഴ്ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.