ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലിയിൽ നദിയിൽ നിന്ന് ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ.ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമായ എക്സിലെ പോസ്ററിലൂടെയാണ് മന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ.മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവറായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ.അതെസമയം കണ്ടെത്തിയത് അർജുന്റെ ലോറിയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ അതിവേഗത്തിലാണെന്നുമാണ് ലഭിക്കുന്ന വിവരം.
ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച ഇടത്തുനിന്നു തന്നെ നാവികസേന നടത്തിയ തിരച്ചിലിൽ സോണാർ സിഗ്നൽ ലഭിച്ചിരുന്നു. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ.
16ന് രാവിലെ 8.30ന് ആണ് ഷിരൂരിൽ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അർജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂർണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചിൽ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽനിന്ന് ചില സിഗ്നലുകൾ ലഭിച്ചിരുന്നു.