ദെഹ്‌റാദൂണ്‍: ഗുജറാത്തിലെ കച്ചില്‍നിന്ന് കണ്ടെത്തിയ ഫോസില്‍ ലോകത്തു ജീവിച്ചവയില്‍വെച്ച് ഏറ്റവുംവലിയ പാമ്പിൻറെതെന്ന് ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍. കശേരുവിന് രൂപംനല്‍കുന്ന 27 അസ്ഥികള്‍ റിസർച്ച് ചെയ്താണ് നിഗമനം. 4.7 കോടി വര്‍ഷം (47 million) മുമ്പ് കച്ചിലെ ചതുപ്പുനിലങ്ങളില്‍ ജീവിച്ചെന്ന് കരുതുന്ന പാമ്പിന് 'വാസുകി ഇന്‍ഡിക്കസ്' എന്നാണ് പേര് നൽകിയിരിക്കുന്നത് .
പാമ്പ് പൂര്‍ണവളര്‍ച്ചയെത്തിയിരുന്നതായും ഏകദേശം 11 മുതല്‍ 15 മീറ്റര്‍വരെ നീളമുണ്ടായിരുന്നതായും കരുതപ്പെടുന്നു . വംശനാശം സംഭവിച്ച ഭീമന്‍ പാമ്പായ ടൈറ്റനോബോവയുമായി (Titanoboa) മാത്രമേ വലുപ്പത്തില്‍ ഇതിനെ താരതമ്യപ്പെടുത്താനാകൂവെന്നും ഇതുവരെ ജീവിച്ചതില്‍വെച്ച് ഏറ്റവുംനീളംകൂടിയ പാമ്പാണിതെന്നും ഗവേഷകര്‍ വ്യക്തമാക്കി. കണ്ടെത്തലുകള്‍ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചു.
ലഭ്യമായ കശേരുക്കളില്‍ പലതും പാമ്പ് ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ്. ഏറ്റവും വലിയ കശേരുവിന് 11 സെന്റീമീറ്റര്‍ വീതിയുണ്ടായിരുന്നു. പാമ്പിന് വീതിയേറിയതും സിലിന്‍ഡര്‍ ആകൃതിയിലുള്ളതുമായ ശരീരമുണ്ടായിരുന്നെന്നും പഠനത്തില്‍ പറയുന്നു.