ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാൻ നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
ഇത് ഔചിത്യപരമായ കാര്യമാണെന്നും എന്നാൽ അറസ്റ്റിന് ശേഷം അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമപരമായ അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.സ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഗവർണർ വികെ സക്‌സേനയ്ക്ക് വേണമെങ്കിൽ നടപടിയെടുക്കാമെന്നും എന്നാൽ സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ അരവിന്ദ് കെജ്‌രിവാളിന് വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി വിധി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ജൂൺ രണ്ടിന് കീഴടങ്ങാൻ അരവിന്ദ് കെജ്‌രിവാളിനോട് ഉത്തരവിടുകയും ജാമ്യത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസും ഡൽഹി സെക്രട്ടേറിയറ്റും സന്ദർശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇടക്കാല ജാമ്യം അനുവദിക്കാനുള്ള അധികാരം സാധാരണയായി പല കേസുകളിലും ഉപയോഗിക്കാറുണ്ട്. ഓരോ കേസിൻ്റെയും വസ്തുതകൾ പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നത്.
പഞ്ചാബിലെ എല്ലാ സീറ്റുകളിലും ഡൽഹിയിലെ നാല് സീറ്റുകളിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീംകോടതി ഉത്തരവ് വലിയ ഉത്തേജനമാകും.ഡൽഹി മദ്യനയ അഴിമതി കേസിൽ മാർച്ച് 21നാണ് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായത്.