ന്യൂഡൽഹി: രാജ്യത്തെ നല്ല മാറ്റത്തിന്‍റെ തുടക്കമാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പ്രതിപക്ഷ പാർട്ടികളെ തകർക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ജനം പാഠം പഠിപ്പിച്ചുവെന്നും പവാർ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വോട്ടർമാർ രാജ്യത്തിന് പുതിയ ദിശാബോധം നൽകി. മന്ദിർ - മസ്ജിദ് രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞിരിക്കുന്നു. ബി.ജെ.പിയെയും സഖ്യകക്ഷികളെയും ഹിന്ദി ബെൽറ്റിൽ പരിമിതപ്പെടുത്തി. കൂടുതൽ കാര്യങ്ങൾ അവിടെ ഇനിയും ചെയ്യാനുണ്ട് -അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ തേടി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചന്ദ്രബാബു നായിഡുവിനെ ഞാൻ വിളിച്ചിട്ടില്ല. ഇൻഡ്യ സഖ്യത്തിലെ സഹപ്രവർത്തകരുമായി ചർച്ച ചെയ്ത ശേഷം നാളെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതെ വരും -അദ്ദേഹം പറഞ്ഞു.