കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിക്ക് നുണപരിശോധന നടത്തി. താൻ സെമിനാർ ഹാളിൽ എത്തിയപ്പോൾ യുവതിയെ
മരിച്ച നിലയിലാണ് അതിനുള്ളിൽ കണ്ടതെന്ന് നുണപരിശോധനയിൽ അവകാശപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സിബിഐ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയത്. ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്ന പല കാര്യങ്ങളും ഇയാൾ പറഞ്ഞുവെന്നാണ് സൂചന. പരിശോധന നടത്താനൊരുങ്ങുന്നതിന് മുൻപ് തന്നെ സഞ്ജയ് വളരെ അധികം അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തെളിവ് സഹിതമാണ് സിബിഐ ഉദ്യോഗസ്ഥർ പല കാര്യങ്ങളും ഇയാളോട് ചോദിച്ചത്.
സെമിനാർ ഹാളിലെത്തിയപ്പോൾ തന്നെ യുവതി മരിച്ചുവെന്നാണ് സഞ്ജയ് അവകാശപ്പെടുന്നത്. ഇത് കണ്ട് താൻ ഭയന്നു പോയെന്നും, ഉടനെ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായും കൊൽക്കത്ത പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ നിലപാട് മാറ്റുകയായിരുന്നു.
കൊലപാതകത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും, താൻ നിരപരാധിയാണെന്നുമാണ് ജയിൽ അധികൃതരോട് സഞ്ജയ് പറഞ്ഞത്. കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെയും സഞ്ജയ് ഇതേ കാര്യം ആവർത്തിച്ചിരുന്നു. താൻ നിരപരാധിയാണെന്നും, അത് തെളിയിക്കുന്നതിന് വേണ്ടി നുണ പരിശോധനയ്‌ക്ക് തയ്യാറാണെന്നുമാണ് സഞ്ജയ് വ്യക്തമാക്കിയത്.
എന്നാൽ സഞ്ജയ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിബിഐയും പൊലീസും പറയുന്നുണ്ട്. കുറ്റകൃത്യം നടന്നതിന് ശേഷം ഇയാളുടെ മുഖത്ത് കണ്ടെത്തിയ പാടുകളും, അന്നേ ദിവസം സംഭവസ്ഥലത്ത് ഇയാളുടെ സാന്നിധ്യവുമെല്ലാം സംശയം ഉണ്ടാക്കുന്നതാണ്.