അച്ചടക്കലംഘനം; നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനം കാണിച്ചാണ് നടപടി.

author-image
Vishnupriya
New Update
gukhioh

 

 തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനം കാണിച്ചാണ് നടപടി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു . ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരിക്കുന്നത്.

സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍  തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടർന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നുവെന്നാണ് കത്തിൽ പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നൽകിയ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും കത്തിൽ വിമർശിച്ചിരുന്നു

producer Kerala film producers association sandra thomas