മഹാരാഷ്ട്രയെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ച കൊലപാതകമായിരുന്നു രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടേത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയത്. കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള സൗഹൃദമാണ് സിദ്ദിഖിയുടെ ജീവനെടുക്കാന്‍ കാരണമെന്നാണ് ബിഷ്‌ണോയി സംഘം പറയുന്നത്.
ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സിദ്ദിഖിയുടെ മകന്റെ ഓഫീസിന് സമീപത്ത് വച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1998-ല്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു കൃഷ്ണ മൃഗത്തെ കൊന്ന സംഭവമാണ് സല്‍മാനെതിരെയുള്ള ശത്രുതയ്ക്ക് കാരണമായി ലോറന്‍സ് ബിഷ്‌ണോയിയും സംഘവും പറയുന്നത്. ബിഷ്‌ണോയി സമൂഹത്തിന് വിശുദ്ധമായ മൃഗമാണ് കൃഷ്ണ മൃഗം. കൃഷ്ണ മൃഗത്തെ കൊന്നതില്‍ പങ്കുണ്ടെന്നു ആരോപിച്ചാണ് 58കാരനായ സല്‍മാന്‍ ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി നേരിടുന്നത്.
അതിനിടെ, മറ്റൊരു വാര്‍ത്ത പുറത്തുവന്നു.സല്‍മാന്‍ ഖാന് പുതിയ ഭീഷണി വന്നിരിക്കുന്നു. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത തീര്‍ക്കാന്‍ 5 കോടി രൂപ നല്‍കണമെന്നാണ് പുതിയ ആവശ്യം. കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
5 കോടി തന്നില്ലെങ്കില്‍ കാര്യങ്ങള്‍ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാള്‍ മോശമാകുമെന്നും സന്ദേശത്തില്‍ പറയുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളില്‍ ഒരാളാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് സൂചന.
കുറച്ചു മാസങ്ങളായി ബിഷ്ണോയി സംഘത്തില്‍ നിന്ന് സല്‍മാന്‍ നിരന്തരമായി ഭീഷണി നേരിടുകയാണ്. ഏപ്രില്‍ 14ന് ബാന്ദ്രയിലെ നടന്റെ വസതിക്ക് പുറത്തുവച്ച് 2 പേര്‍ 5 റൗണ്ട് വെടിവച്ചിരുന്നു.
സല്‍മാന് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. വസതിക്കു പുറത്ത് കനത്ത പൊലീസ് വിന്യാസവും ഏര്‍പ്പെടുത്തി. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുള്ള നിര്‍മിതബുദ്ധി അധിഷ്ഠിതമായ ഉയര്‍ന്ന റെസല്യൂഷനിലുള്ള സിസിടിവി കാമറകളും മുംബൈ പൊലീസ് മേഖലയില്‍ സ്ഥാപിച്ചു.
സല്‍മാനെ കൊലപ്പെടുത്താന്‍ ബിഷ്‌ണോയി സംഘം 25 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന് കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാംഹൗസിനു സമീപം സല്‍മാനെ വധിക്കാനായിരുന്നു പദ്ധതിയെന്നും ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു കരാര്‍ നല്‍കിയതെന്നും നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെയാണെന്ന വെളിപ്പെടുത്തലും അതിനിടെ പുറത്തുവന്നു. മാസത്തിനിടെ പത്തു തവണയാണ് പ്രതികള്‍ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിടോയൊപ്പം പലരും ഒരുമിച്ചുണ്ടായിരുന്നത് പ്രതികള്‍ക്ക് ആക്രമിക്കാന്‍ തടസ്സമായിയെന്നും പൊലീസ് പറഞ്ഞു.
ബാന്ദ്രയില്‍ ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചത്. കൊലപാതകം നടത്ത സ്ഥലത്തിനു സമീപത്താണ് പ്രതികല്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്.