ന്യൂഡല്‍ഹി : ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതയ്ക്കായും കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കനേഡിയന്‍ പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിജ്ജാര്‍ 2023 ജൂണ്‍ 18നാണ് ബ്രിട്ടിഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്കു പുറത്തു വെടിയേറ്റ് മരിച്ചത്. ഖലിസ്ഥാന്‍ ഭീകരരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക മാത്രമാണ് രാജ്യം കാനഡയെ അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ജയശങ്കര്‍ വ്യക്തമാക്കി. ഖലിസ്ഥാന്‍ അനുകൂലികള്‍ കാനഡയുടെ ജനാധിപത്യം ഉപയോഗിച്ച് ലോബികള്‍ സൃഷ്ടിച്ചു. ഇത് അവര്‍ വോട്ടുബാങ്കുകളാക്കി മാറ്റി.
കാനഡയിലെ ചില പാര്‍ട്ടികള്‍ ഖലിസ്ഥാന്‍ നേതാക്കളെ ആശ്രയിക്കുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തകര്‍ക്കുന്ന ഇത്തരം ആളുകള്‍ക്കു വീസയോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്നു കാനഡയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ കനേഡിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.