ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തിരഞ്ഞെടുപ്പിന്റെ ശുദ്ധിയെ കളങ്കപ്പെടുത്തുന്നതരത്തിലുള്ള വാര്‍ത്തകള്‍ പല രാജ്യത്തുനിന്നും പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇന്ത്യയുടെ ജനാധിപത്യ ശക്തിയില്‍ വിളറിപൂണ്ടവര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ എപ്പോഴും പ്രതികരിക്കാറുള്ളത്.
ഇപ്പോഴിതാ ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തിരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ നിഷേധാത്മകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ചിത്രീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ദശകങ്ങളായായി ലോകത്തെ സ്വാധീനിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അവരുടെ പഴയ ശീലങ്ങള്‍ ഉപേക്ഷിച്ച് ഇന്ത്യയെ അംഗീകരിക്കാന്‍ പ്രയാസമാണെന്നാണ് കൊല്‍ക്കത്തയില്‍ തന്റെ 'വൈ ഭാരത് മാറ്റേഴ്സ്' എന്ന പുസ്തകത്തിന്റെ ബംഗ്ലാ പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ജയശങ്കര്‍ തുറന്നടിച്ചത്.
കഴിഞ്ഞ 80 വര്‍ഷങ്ങളായി നമ്മെ സ്വാധീനിച്ചതിന്റെ ഓര്‍മ്മയും വച്ച് കൊണ്ടാണ് ഇപ്പോഴും പാശ്ചാത്യ മാദ്ധ്യമങ്ങള്‍ നമ്മളോട് പെരുമാറാന്‍ ശ്രമിക്കുന്നത്. അക്കാര്യം ഇനി നടക്കാന്‍ പോകുന്നില്ല എന്ന് അവര്‍ക്ക് ഇതിനോടകം വ്യക്തമായിട്ടുണ്ടെങ്കിലും പഴയ ശീലങ്ങള്‍ മറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പാശ്ചാത്യ രാജ്യങ്ങളെന്നും ജയശങ്കര്‍ പറയുന്നു.
ചില പ്രേത്യേകതരം ആള്‍ക്കാര്‍ ഇന്ത്യ ഭരിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്, പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ അതിന് സമ്മതിക്കുന്നില്ല, ഇത് പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല, പക്ഷെ അവര്‍ എന്ത് വിചാരിച്ചിട്ടും കാര്യമില്ല, ആ കാലം കഴിഞ്ഞു പോയെന്നും ജയശങ്കര്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ഈ പാശ്ചാത്യ പത്രങ്ങള്‍ ഇന്ത്യയെ ഇത്ര വെറുക്കുന്നത് ? കാരണം വളരെ ലളിതമാണ് , ഇന്ത്യ എങ്ങനെയായിരിക്കണമെന്നതിനുള്ള അവരുടെ കാഴ്ചപ്പാടുകളോട് ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു ഇന്ത്യയെയാണ് അവര്‍ ഇപ്പോള്‍ കാണുന്നത്. അവര്‍ക്ക് അവര്‍ ഇഷ്ടപ്പെട്ടുന്ന തരത്തിലുള്ള ആളുകളെയോ പ്രത്യയശാസ്ത്രമോ ജീവിതരീതിയോ ഇന്ത്യന്‍ ജനത ഇപ്പോള്‍ സ്വീകരിക്കുന്നില്ല.
തങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ ഇന്ത്യ എപ്പോഴും ചിന്തിക്കണം എന്നാണ് അവര്‍ കരുതുന്നത് അത് നടക്കില്ല എന്ന് മനസ്സിലായിട്ടും അവരുടെ അസ്വസ്ഥത മാറുന്നില്ല, കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകത്തെ വലിയ അളവില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളാണ്. വ്യവസായ വിപ്ലവത്തിലൂടെയും ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന കോളനി വല്‍ക്കരണ കാലഘട്ടത്തിലൂടെയും ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
എന്നാല്‍ അടുത്ത കുറച്ചു കാലങ്ങളായി, ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ വന്‍ ശക്തികള്‍ വീണ്ടും കളിക്കളത്തിലിറങ്ങിയതോടെ പാശ്ചാത്യ രാജ്യങ്ങളുടെ പ്രാധാന്യം പതുക്കെ പതുക്കെ കുറഞ്ഞു വരികയാണ്. ഈ സത്യം ഉള്‍ക്കൊള്ളാനാകാതെയാണ്, ഇന്ത്യ ആര് ഭരിക്കണം, ഇന്ത്യയില്‍ എന്ത് നടക്കണം എന്ന തിട്ടൂരങ്ങളുമായി പാശ്ചാത്യ മാദ്ധ്യമങ്ങള്‍ വീണ്ടും വീണ്ടും രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ തിട്ടൂരങ്ങള്‍ ഇനി ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല എന്ന കൃത്യമായ മറുപടിയാണ് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കുന്നതെന്ന് തുറന്നു പറഞ്ഞ് പാശ്ചാത്യ മാദ്ധ്യമങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് എസ്. ജയശങ്കര്‍.