മണിപ്പൂരില്‍ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് സ്പീക്കര്‍, ക്യാബിനറ്റ് മന്ത്രിമാര്‍, ബിജെപി എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം ഞായറാഴ്ച ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ബിരേന്‍ സിംഗ് ഭീഷണിപ്പെടുത്തിയതായും ഊഹാപോഹങ്ങളുണ്ട്.
അതേസമയം, ജിരിബാം ജില്ലയില്‍ നിരോധനാജ്ഞ തുടരും. മണിപ്പൂരില്‍ ഒരാഴ്ചയ്ക്കിടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ജിരിബാം ജില്ലയില്‍ കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആറ് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതില്‍ പതിനാറ് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഡ്രോണ്‍, റോക്കറ്റ് ആക്രമങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. വെള്ളിയാഴ്ച മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് ജിരിബാം സംഘര്‍ഷഭരിതമായത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയതായി മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി. മലനിരകളിലും താഴ്‌വരകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സൈന്യവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.