' രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന്  നീതിന്യായ സംവിധാനത്തെ മോചിപ്പിക്കണം'; ചീഫ് ജസ്റ്റിസിന് വിരമിച്ച 21 ജഡ്ജിമാരുടെ കത്ത്

നീതിന്യായ വ്യവസ്ഥിതിക്ക്‌ മേലെ കൃത്യമായ കണക്കുകൂട്ടലോടെ സമ്മർദം ചെലുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ചിലർ ഇടപെടൽ നടത്തുന്നുണ്ടെന്നും അതിനാൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടികാട്ടിയാണ് കത്ത്.

author-image
Greeshma Rakesh
New Update
chief justice

chief justice DY Chandrachud

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ജുഡീഷ്യറിയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുൻജഡ്ജിമാരുടെ കത്ത്. വിരമിച്ച  നാല് സുപ്രീംകോടതി ജഡ്ജിമാരും 17 ഹൈക്കോടതി  ജഡ്ജിമാരും ഉൾപ്പെടെ 21 പേരാണ്  ചീഫ് ജസ്റ്റിസിന് കത്തയച്ചത്.നീതിന്യായ വ്യവസ്ഥിതിക്ക്‌ മേലെ കൃത്യമായ കണക്കുകൂട്ടലോടെ സമ്മർദം ചെലുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ചിലർ ഇടപെടൽ നടത്തുന്നുണ്ടെന്നും അതിനാൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടികാട്ടിയാണ് കത്തെഴുതിയിരിക്കുന്നത്.

വ്യക്തി താൽപര്യങ്ങൾക്കു വേണ്ടിയും, സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയും ആളുകൾ നടത്തുന്ന ഇടപെടലുകൾ പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസ്യത ഇല്ലാതാക്കിയെന്നും കത്തിൽ പറയുന്നു.മാത്രമല്ല കോടതികളുടെ വിശ്വാസ്യതയെ അട്ടിമറിച്ചുകൊണ്ട് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ഇടപെടുന്നവരുടെ നടപടികൾ ജഡ്ജിമാർ ഉയർത്തിപ്പിടിക്കേണ്ട വിവേചനരഹിതമായ നിലാപാടിനെയാണ് ബാധിക്കുന്നതെന്നും കത്തിൽ പറയുന്നു.

 ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്തെഴുതാൻ പ്രേരിപ്പിച്ച സംഭവങ്ങൾ വ്യക്തമാക്കിയില്ലെങ്കിലും ചില പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടികളെച്ചൊല്ലി ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാക്പോരിനിടെയാണ് കത്ത്. അഴിമതി കേസുകളിൽ.കത്തിൽ ഒപ്പിട്ട വിരമിച്ച ജഡ്ജിമാരായ ദീപക് വർമ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എംആർ ഷാ എന്നിവർ കോടതികളുടെയും ജഡ്ജിമാരുടെയും സത്യസന്ധതയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ജുഡീഷ്യറിയെ സ്വാധീനിക്കാൻ വിമർശകർ ഗൂഢനീക്കങ്ങൾ  നടത്തുന്നതായും കത്തിൽ കുറ്റപ്പെടുത്തി.

ഇത്തരം നടപടികൾ  ജുഡീഷ്യറിയുടെ പവിത്രതയെ അനാദരിക്കുക മാത്രമല്ല, നിയമത്തിൻ്റെ സംരക്ഷകരെന്ന നിലയിൽ ന്യായാധിപന്മാർ പുലർത്തുന്ന നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങൾക്ക് നേരിട്ടുള്ള വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നതായും  അനാവശ്യമായ സമ്മർദങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കേണ്ടതുണ്ട്' എന്ന തലക്കെട്ടിലുള്ള കത്തിൽ പറയുന്നു. അടിസ്ഥാന രഹിതമായ ചില സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ തങ്ങൾക്കനുകൂലമായ കോടതിവിധികൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കത്ത് വിമർശിക്കുന്നു.

ഒരാളുടെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്ന ജുഡീഷ്യൽ തീരുമാനങ്ങളെ തിരഞ്ഞെടുത്ത് പ്രശംസിക്കുകയും  അല്ലാത്തവയെ രൂക്ഷമായി വിമർശിക്കുന്നതുമായ രീതി, ജുഡീഷ്യൽ അവലോകനത്തിൻ്റെയും നിയമവാഴ്ചയുടെയും സത്തയെ തകർക്കുന്നുവെന്നും ജഡ്ജിമാർ കത്തിൽ ചൂണ്ടികാട്ടുന്നു. ഇത്തരം സമ്മർദങ്ങളെ അതിജീവിക്കാനും സ്വതന്ത്രമായി തുടരാനും രാജ്യത്തെ നീതിന്യായ സംവിധാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

 

 

Chief Justice DY Chandrachud supreme court of india judiciary