ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടരാജി

ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. സ്ഥാനാർഥി നിർണയം പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നാണ് ആരോപണം.

author-image
anumol ps
New Update
bjp flag

 

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി. കുടുംബവാഴ്ച ആരോപിച്ചാണ് നിരവധി നേതാക്കൾ പാർട്ടി വിട്ടത്. എംഎൽഎമാർ ഉൾപ്പെടെ പത്തോളം പേരാണ് രാജിവച്ചത്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചംപയ് സോറന്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. പിന്നാലെ മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾക്ക് അടക്കം നിരവധി പേർക്ക് ബിജെപി സീറ്റ് നൽകി. ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. സ്ഥാനാർഥി നിർണയം പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം രണ്ട് മുൻ ബിജെപി എംഎൽഎമാർ പാർട്ടി വിട്ട് ജെഎംഎമ്മിൽ ചേർന്നിരുന്നു. ഇതും പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ലോയിസ് മറാണ്ഡി, കുനാൽ സാരംഗി എന്നിവരാണ് പാർട്ടി വിട്ടത്. 

പാർട്ടിക്കുള്ളിൽ ആഭ്യന്തര അച്ചടക്കം ദുർബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പാർട്ടി വിട്ടത്. രാജിക്കത്ത് ബിജെപി അധ്യക്ഷന് കൈമാറിയതായി ഇരുവരും വ്യക്തമാക്കി. 2014ൽ ഹേമന്ത് സോറനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയയാളാണ് മറാണ്ഡി. പാർട്ടിയുമായി കുറച്ചുകാലം മുൻപ് തന്നെ അകലത്തിലായിരുന്ന കുനാൽ സാരംഗി ബിജെപി വക്താവ് സ്ഥാനം രാജിവച്ചതും വലിയ വാർത്തയായിരുന്നു.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ബിജെപി എംഎൽഎ കേദാർ ഹസ്ര പാർട്ടി വിട്ട് ജെഎംഎലിൽ ചേർന്നിരുന്നു. എജിഎസിയു പാർട്ടി വിട്ട് ഉമാകാന്ത് രാജകും കഴിഞ്ഞ ദിവസം ജെഎംഎമ്മിൽ ചേർന്നിരുന്നു.

BJP resignation jharkhand assembly election