രേണുകസ്വാമിയുടെ കൊലപാതക കേസ്; കൊലപ്പെടുത്താന്‍ ദര്‍ശനോട് നിര്‍ദേശിച്ചത് പവിത്ര

ദര്‍ശന്റെ സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച രേണുകസ്വാമിയെ (33) ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

author-image
Vishnupriya
New Update
pavi

പവിത്ര ഗൗഡ, ദര്‍ശന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു : പ്രമുഖ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപ ഉള്‍പ്പെട്ട കൊലപാതക കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച രേണുകസ്വാമിയെ (33) ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ ആരാധകനും ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. ദര്‍ശന്‍ തൊഗുദീപ ഉള്‍പ്പെട്ട സംഘം കമ്പുകൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദിച്ച ശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് കൊലപ്പെടുത്തിയത്. ദര്‍ശന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ നേതാവ് രാഘവേന്ദ്രയെ ബന്ധപ്പെട്ടാണ് രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. തന്റെ ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത് രാഘവേന്ദ്രയാണെന്നു രേണുകാസ്വാമിയുടെ ഭാര്യ പൊലീസിനു മൊഴി നല്‍കി.

രേണുകാസ്വാമിയെ കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ബോധരഹിതനായപ്പോള്‍ സംഘത്തിലുള്ളവര്‍ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തില്‍ രേണുകാസ്വാമിയുടെ എല്ലുകള്‍ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയില്‍ തള്ളി. ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവാണ് നായ്ക്കള്‍ ഭക്ഷിക്കുന്ന മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നടന്റെ പങ്ക് വ്യക്തമായത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

renukaswamys murder case