രാജ്യത്ത് ഏറെ പ്രചാരമുള്ള ബ്രാന്റായ വുഡ്‌ലാന്റിന് ഭീഷണിയുമായി റിലയൻസ് അജിയോ എത്തുന്നു. നേരത്തെ റിലയൻസ് റീടെയിലിന്റെ തലപ്പത്തേക്ക് ഇഷ അംബാനി എത്തിയ ശേഷം നിരവധി പ്രമുഖ ബ്രാന്റുകൾ റിലയൻസിന്റെ പിൻബലത്തിൽ ഇന്ത്യയിലേക്കെത്തിയിരുന്നു. ഒടുവിലായി റിലയൻസ് കൈകോർത്തിരിക്കുന്ന അമേരിക്കൻ ബ്രാന്റാണ് വുഡ്‌ലാന്റിന് ഭീഷണിയാകുമെന്ന വിലയിരുത്തലുകളുള്ളത്.
പ്രമുഖ അമേരിക്കൻ പാദരക്ഷ നിർമ്മാതാക്കളായ ടിംബർ ലാന്റുമായാണ് റിലയൻസ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. റിലയൻസ് അജിയോ വഴിയായിരിക്കും ടിംബർ ലാന്റ് ഇന്ത്യയിലേക്കെത്തുക. ഇതോടെ വിപണിയിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുക വുഡ്‌ലാന്റ് ആണെന്നാണ് വിലയിരുത്തലുകൾ.
നേരത്തെ ഇന്ത്യൻ വിപണിയിൽ ടിംബർ ലാന്റ് എത്തിയിരുന്നെങ്കിലും കടുത്ത മത്സരവും വുഡ്‌ലാന്റുമായുള്ള നിയമ പോരാട്ടങ്ങളും കാരണം ടിംബർ ലാന്റിന് ഇന്ത്യയിൽ അനുകൂല വിപണി കണ്ടെത്താൻ സാധിച്ചിരുന്നില്ല. റിലയൻസിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത്തവണ ടിംബർ ലാന്റിന്റെ തിരിച്ചുവരവ്.