മംഗളൂരു: കർണാടക അങ്കോലയിലെ ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനിനു വേണ്ടിയുടെ തിരച്ചിലിൽ നിർണായക വിവരം ലഭിച്ചു. റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിഗ്നൽ ലോറിയിൽ നിന്നു തന്നെയാണെന്നാണു സൂചന. ഇന്നു രാവിലെയാണ് ബെംഗളൂരുവിൽനിന്ന് റഡാർ സംവിധാനങ്ങൾ എത്തിച്ചു പരിശോധന ആരംഭിച്ചത്.
മണ്ണിടിച്ചിലുണ്ടായ ദേശീയപാതയിൽ തന്നെയാണ് ലോറിയുള്ളതെന്നാണ് അറിയുന്നത്. മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കാലാവസ്ഥ അനുകൂലമായതിനാൽ എത്രയും വേഗത്തിൽ ലോറി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണു രക്ഷാപ്രവർത്തകർ.
ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈിവർ അർജുനിനെ കാണാതായത്. ഇതേ സമയത്ത് അങ്കോലയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണു സംശയിക്കുന്നത്.