രാജ്യം കരുതൽ ശേഖരമായി യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്ന് 102 ടൺ കൂടി ഇന്ത്യയിലെത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളിൽ സൂക്ഷിച്ചിരുന്ന റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നാണ് 102 ടൺ സ്വർണം തിരികെ എത്തിച്ചത്. നേരത്തെ മെയ് മാസത്തിൽ യുകെയിൽ നിന്ന് 100 ടൺ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.
അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെയാണ് പ്രത്യേക വിമാനത്തിൽ സ്വർണം രാജ്യത്തെത്തിച്ചത്. ഇന്ത്യയിലെ അതീവ സുരക്ഷ കേന്ദ്രങ്ങളിലേക്ക് സ്വർണം മാറ്റിയിട്ടുണ്ട്. നേരത്തെ ആർബിഐ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ മാസം വരെ 855 ടൺ സ്വർണമാണ് രാജ്യത്തിന്റെ കരുതൽ സ്വർണം.
അന്താരാഷ്ട്ര തലത്തിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സ്വർണം ഇന്ത്യയിൽ സൂക്ഷിക്കുന്നതിന് ഏറെ പ്രസക്തിയുള്ളതായാണ് വിലയിരുത്തൽ. ആകെ കരുതൽ സ്വർണത്തിൽ 510.5 ടൺ നിലവിൽ ഇന്ത്യയിൽ തന്നെയുണ്ട്. വിദേശത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികളും ഇതിലൂടെ മറികടക്കാനാകും.