ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉൽപന്നം ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാവില്ല. ഇന്ത്യയിലെ ഏതു വീട്ടിലും ഏതൊരു ദിക്കിലും ഒരു ടാറ്റ ഉൽപന്നമെങ്കിലും ഉണ്ടാകും. അടുക്കള മുതൽ കംപ്യൂട്ടറുകളിൽ വരെ, വസ്ത്രങ്ങൾ തൊട്ട് വിമാനവും ആഡംബര കാറുകളും വരെ ടാറ്റാ ഗ്രൂപ്പ് കൈയൊപ്പ് പതിപ്പിക്കാത്ത മേഖലകളില്ല. ഇന്ത്യയിലെ ഏറ്റവും വമ്പൻ ബിസിനസ് സാമ്രാജ്യത്തെ കെട്ടിയുയർത്തിയതിന് പിന്നിലെ ഏറ്റവും വലിയ നെടുംതൂൺ, സാക്ഷാൽ രത്തൻ ടാറ്റ. ആറ് ഭൂഖണ്ഡങ്ങളിലായി 100ലേറെ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ച വ്യക്തിത്വം.
ഇന്ത്യയുടെ വ്യാവസായിക, വാണിജ്യ മേഖലയുടെ വളർച്ചയിൽ ടാറ്റാ ഗ്രൂപ്പ് ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. രാജ്യാന്തരതലത്തിൽ കെമിക്കൽ, വാഹനം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നിങ്ങനെ ഏത് രംഗത്തും ഇന്ത്യയുടെ തലയെടുപ്പ് കാത്തു സൂക്ഷിക്കുന്നതിലും ടാറ്റയുടെ പങ്കുണ്ടായിരുന്നു. അതിൽ എന്നും മുൻനിരയിലുള്ള പ്രസ്ഥാനവുമാണ് ടാറ്റാ ഗ്രൂപ്പ്. 1991ൽ ജഹാംഗീർ രത്തൻജി ദാദോഭോയ് ടാറ്റ എന്ന ജെ.ആർ.ഡി ടാറ്റയുടെ പിൻഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയർമാൻ പദവിയിലെത്തിയ രത്തൻ ടാറ്റ, ടാറ്റാ ഗ്രൂപ്പിനെ മുൻപന്തിയിലെത്തിച്ചത് നിരവധി നേട്ടങ്ങളിലേക്കായിരുന്നു.