രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

രോഗബാധിതനായ നായയുടെ അരികില്‍ ഇരിക്കാനായി രത്തന്‍ ടാറ്റ ബ്രിട്ടീഷ് രാജാവിന്റെ ക്ഷണം നിരസിച്ച സംഭവം ഏറെ ഖ്യാതി നേടിയിരുന്നു.

author-image
Anagha Rajeev
New Update
ratan tata and dog

ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹം ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ചയൊന്നാണ്. തന്റെ പ്രിയപ്പെട്ട നായകള്‍ക്കായി സമയം കണ്ടെത്താന്‍ ഈ ശതകോടീശ്വരന് മടിയുണ്ടായിരുന്നില്ല. രോഗബാധിതനായ നായയുടെ അരികില്‍ ഇരിക്കാനായി രത്തന്‍ ടാറ്റ ബ്രിട്ടീഷ് രാജാവിന്റെ ക്ഷണം നിരസിച്ച സംഭവം ഏറെ ഖ്യാതി നേടിയിരുന്നു.

പ്രിയപ്പെട്ട നായകളുടെ കാര്യത്തില്‍ രത്തന്‍ ടാറ്റയുടെ കരുതല്‍ സൂചിപ്പിക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‌മരണത്തിന് ശേഷവും നായകള്‍ ബുദ്ധിമുട്ടരുതെന്ന് ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാൽ രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലും നായകള്‍ക്ക് സ്ഥാനമുണ്ട്. ടാറ്റയുടെ പ്രിയപ്പെട്ട നായയുടെ സംരക്ഷണത്തെ കുറിച്ച് അദ്ദേഹം വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട നായയായ ടിറ്റോ തന്റെ മരണശേഷവും സുഖമായി ഇരിക്കണമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വില്‍പ്പത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടിറ്റോ എന്ന പേരില്‍ മറ്റൊരു നായ ഉണ്ടായിരുന്നു.

ആദ്യത്തെ നായ ചത്ത ശേഷം അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഇപ്പോഴത്തെ ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. നിലവില്‍ ടാറ്റയുടെ പാചകക്കാരനായ രാജന്‍ ഷായാണ് നായയെ പരിചരിക്കുന്നത്. ടിറ്റോയെ കൂടാതെ ടാറ്റയുടെ ഉപദേശകനും എക്‌സിക്യൂട്ടിവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിന്റെ പേരും വില്‍പ്പത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ratan Tata