രത്തന് പത്തു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. പിന്നീട് ജീവിതത്തില്‍ കൈപിടിച്ചു നടത്തിയത് മുത്തശ്ശി വനജ്ബായിയാണ്. മൂന്നു കാര്യങ്ങളാണ് മുത്തശ്ശി കുട്ടിയായ രത്തനോട് പറഞ്ഞത്. ആരുടെ മുന്നിലും തലകുനിക്കരുത്. പരിഹാസങ്ങളെ ശ്രദ്ധിക്കരുത്, എല്ലാവരോടും നന്നായി പെരുമാറുക. ജീവിതത്തിലുടനീളം മുത്തശ്ശിയുടെ ഉപദേശം രത്തന്‍ പാലിച്ചു.
അമേരിക്കയിലായിരുന്നു രത്തന്റെ ഉപരിപഠനം. അതിസമ്പന്നനായിട്ടും ലോസാഞ്ചലയില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്താണ് രത്തന്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയത്. അതിനിടയില്‍ ഒരു തീവ്ര പ്രണയവും രത്തന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.
അമേരിക്കയില്‍ പ്രണയിനിക്കൊപ്പം തുടരാനായിരുന്നു രത്തന്റെ ആഗ്രഹം. എന്നാല്‍, മുത്തശ്ശി രത്തനെ ഇന്ത്യയിലേക്ക് തിരികെ വിളിച്ചു. മുത്തശ്ശിയുടെ ആരോഗ്യം മോശമായി വരുന്നു. ജീവിതത്തിന്റെ ഭാഗമായ മുത്തശ്ശിയുടെ ആവശ്യം രത്തന് നിഷേധിക്കാനാവില്ലല്ലോ. അങ്ങനെ രത്തന്‍ ഇന്ത്യയിലേക്കുവന്നു.
പ്രണയിനിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. 1962-ലെ ഇന്ത്യ-ചൈന യുദ്ധമാണ് എല്ലാം തകിടം മറിച്ചത്. വിവാഹശേഷം ഇന്ത്യയില്‍ ജീവിക്കാനായിരുന്നു രത്തനും കാമുകിയും തീരുമാനിച്ചത്. ഇന്ത്യയില്‍ യുദ്ധം നടക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ ഇന്ത്യയിലേക്കില്ലെന്ന് കാമുകി പറഞ്ഞു.
രത്തന് അമേരിക്കയിലേക്ക് പോകാനു കഴിയുമായിരുന്നില്ല. അങ്ങനെ ഇരുവരും വേര്‍പിരിഞ്ഞു. കാമുകി വേറെ വിവാഹം കഴിച്ചു. രത്തന്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതനായി ജീവിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ഒറ്റപ്പെടലിനെ കുറിച്ച് പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
ആഡംബരത്തിലാണ് കുട്ടിക്കാലം മുതല്‍ രത്തന്‍ വളര്‍ന്നത്. എന്നാല്‍, ജീവിതത്തില്‍ എന്നും ലാളിത്യം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. സമ്പന്നതയൊന്നും രത്തന്റെ മനോഭാവത്തില്‍ മാറ്റംവരുത്തിയതേയില്ല. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത് വരെ കൊളാബയിലെ ഒരു ഫ്‌ളാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
എങ്ങനെയാണ് ഇത്രയും ലളിതമായ ജീവിതം നയിക്കാന്‍ സാധിക്കുന്നത്? അമേരിക്കയിലെ പത്ത് വര്‍ഷത്തെ ജീവിതമാണ് ഈ ചോദ്യത്തിനുള്ള മറുപടിയായി രത്തന്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ പാത്രം വരെ കഴുകി ജീവിച്ചിട്ടുണ്ടെന്നാണ് രത്തന്‍ പറഞ്ഞത്.
സംഗീതവും വായനയും രത്തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 75-ാം വയസ്സില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍, ഇനി പിയാനോ പഠിക്കാന്‍ ആഗ്രഹുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍ക്കിടെക്ടായി ജോലി ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചു. മാത്രമല്ല, ഒന്നുരണ്ടു വീടുകള്‍ അദ്ദേഹം ഡിസൈന്‍ ചെയ്യുകയും ചെയ്തു.