ജയിലില്‍ രാംലീല: വാനരന്മാരുടെ വേഷമിട്ട രണ്ട് തടവുകാര്‍ ജയില്‍ചാടി

കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട കുറ്റവാളിയടക്കമാണ് ജയില്‍ ചാടിയത്. വെള്ളിയാഴ്ച രാത്രി തടവുകാര്‍ അവതരിപ്പിച്ച രാംലീല നാടകത്തിനിടെ അവസരം മുതലെടുത്താണ് രണ്ടുപേര്‍ രക്ഷപ്പെട്ടത്.

author-image
Prana
New Update
jail break

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലില്‍നിന്ന് രണ്ട് തടവുകാര്‍ പുറത്ത് ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട കുറ്റവാളിയടക്കമാണ് ജയില്‍ ചാടിയത്. വെള്ളിയാഴ്ച രാത്രി തടവുകാര്‍ അവതരിപ്പിച്ച രാംലീല നാടകത്തിനിടെ അവസരം മുതലെടുത്താണ് രണ്ടുപേര്‍ രക്ഷപ്പെട്ടത്.
സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ടവരായിരുന്നു ഇവര്‍. പരിപാടിക്കിടയില്‍ ഇവരെ കാണാതായി. റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്.
നാടകത്തിലെ പ്രകടനം മറയാക്കി നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിലിന്റെ മതില്‍ ചാടിയതെന്ന് പോലീസ് അറിയിച്ചു. ജയിലില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കോണി എത്തിച്ചിരുന്നതെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
രാത്രി എട്ടിന് പതിവുപോലെ ജയില്‍പുള്ളികളുടെ എണ്ണം എടുത്തിരുന്നെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് രാവിലെ 6.30 ഓടെയാണ് രണ്ടുപേര്‍ ജയില്‍ ചാടിയ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തിരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു.
സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.

 

prisoners Accused escaped jailbreak