BJP ഓഫീസും ലക്ഷ്യമിട്ടു; രാമേശ്വരം കഫേ സ്ഫോടനത്തിൽ കുറ്റപത്രം

അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ബെം​ഗളൂരുവിലെ ബി.ജെ.പി ഓഫീസിൽ ബോംബ് സ്ഫോടനം നടത്താൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

author-image
Vishnupriya
New Update
cafe
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. മുസാവീര്‍ ഹുസൈൻ ഷാസിബ്, അബ്ദുൾ മദീന്‍ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ബെം​ഗളൂരുവിലെ ബി.ജെ.പി ഓഫീസിൽ ബോംബ് സ്ഫോടനം നടത്താൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐ.എസ്. മൊഡ്യൂളിന്റെ ഭാ​ഗമാണെന്നും കഴിഞ്ഞ നാലുവർഷമായി ഇവർ ഒളിവിലായിരുന്നു എന്നും അന്വേഷണ ഏജൻസി പറയുന്നു. കർണാടക പോലീസ് നേരത്തേ പിടികൂടിയ അൽ-ഹിന്ദ് മൊഡ്യൂളിന്റെ ഭാ​ഗമായിരുന്ന ഇരുവരും പിന്നീട് ഒളിവിൽപോവുകയായിരുന്നു. രാമേശ്വരം കഫേയിൽ സ്ഫോടകവസ്തു വെച്ചത് മുസാവീർ ഹുസൈൻ ഷാസിബാണ്. സ്ഫോടനത്തിന്റെ ആസൂത്രകരിലൊരാളാണ് അബ്ദുൾ മദീൻ താഹ. ഇരുവരും ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ്.

ജനുവരി 22-ന് അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസം മല്ലേശ്വരത്തെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഐ.ഇ.ഡി അക്രമണത്തിന് പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാലത് പരാജയപ്പെട്ടെന്നും എൻ.ഐ.എ. കുറ്റപത്രത്തിൽ പറയുന്നു. പിന്നീടാണ് പ്രതികൾ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയത്.

മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. കഫേയിലെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടന്നതിന് ശേഷമുള്ള പ്രതികളുടെ ഫോട്ടോകളും വീഡിയോകളും എന്‍.ഐ.എ. പുറത്തുവിട്ടിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ മാസ്‌ക് ധരിച്ചിരുന്നതായും കണ്ടെത്തി. സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു. സ്‌ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമര്‍ ഡിവൈസും പോലീസ് കണ്ടെത്തി.

 

rameswaram cafe balst NIA