ന്യൂഡല്‍ഹി: മൂന്നാം തവണയും ഇന്ത്യയെ നയിക്കുക നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാരിന്റെ യോഗത്തിലായിരുന്നു തീരുമാനം. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി നിര്‍ദേശിച്ചത്.
അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്‌നാഥ് സിംഗ് സംസാരിച്ചു. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തി. ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ശരിയായ നേതാവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. വിശ്രമമമില്ലാതം മൂന്ന് മാസം മോദി പ്രചാരണം നടത്തി.കേന്ദ്രമന്ത്രിമാരും പ്രചാരണം നടത്തി. വന്‍ ഭൂരിപക്ഷത്തില്‍ ആന്ധ്രയില്‍ അധികാരത്തില്‍ എത്തി. ആന്ധ്രയ്‌ക്കൊപ്പം കേന്ദ്രമുണ്ടെന്നും ജനങ്ങള്‍ക്ക് ഉറപ്പായി.
തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തിലെ ഏക നിയുക്ത എന്‍ഡിഎ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മോദിയ്‌ക്കൊപ്പം സുരേഷ് ഗോപിയും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ജെ പി നദ്ദ, പീയുഷ് ഗോയല്‍, രാജ്‌നാഥ് സിംഗ്, അമിത് ഷാ എന്നിവരും പരിഗണനയിലുണ്ട്.