രാജസ്ഥാൻ: ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ രാജസ്ഥാൻറെ വിവിധ ഭാഗങ്ങളിലായി 20 പേർ മരിച്ചതായി റിപ്പോർട്ട്. മഴ രാജസ്ഥാനിലുടനീളം വ്യാപക നാശം വിതച്ചു.പാർവതി, ഗംഭീർ, ബംഗംഗ നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ജയ്പൂർ, കരൗലി, സവായ് മധോപൂർ, ദൗസ തെരുവുകൾ വെള്ളത്തിലായി.ജയ്പൂരിലെ കനോട്ട അണക്കെട്ടിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി വൈകിയും തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഭരത്പൂർ ജില്ലയിൽ ഏഴ് മരണവും ജയ്പൂർ റൂറലിലെ ഫാഗിയിലും മധോരാജ്‌പുരയിലും ബീവാറിലും രണ്ട് വീതം മരണവും ബാരാപുരയിലും ബൻസ്വാരയിലും ഒരു മരണവും സംഭവിച്ചിതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജയ്പൂർ, ദൗസ, സിക്കാർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അജ്മീർ, അൽവാർ, ഭിൽവാര തുടങ്ങിയ 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ജയ്പൂർ ഉൾപ്പടെ ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ജയ്പൂരിൽ, ഞായറാഴ്ച ആരംഭിച്ച ശക്തമായ മഴ ഇന്നു രാവിലെയും തുടരുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.വെള്ളക്കെട്ട് കാരണം പല ജില്ലകളിലും റോഡുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി ചീഫ് സെക്രട്ടറി സുധൻഷ് പന്ത് അടിയന്തര യോഗം ചേർന്നിരുന്നു.നിലവിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രതയിലാണ്.
അതേസമയം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും മഴക്കാലത്ത് വൈദ്യുത തൂണുകളുമായും വയറുകളുമായും സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ വകുപ്പ് നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.