ന്യൂഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൻറെ തലസ്ഥാനമായ റാഞ്ചിയിൽ ഇന്ത്യ മുന്നണി നടത്തുന്ന സംയുക്ത റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തതെന്നു പാർട്ടി അറിയിച്ചു. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ റാലിയിൽ പങ്കെടുക്കും.
‘‘ഞായറാഴ്ച മധ്യപ്രദേശിലെ സത്‌നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാനായിരുന്നു തീരുമാനം. പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ അദ്ദേഹത്തിനു ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. സത്‌നയിലെ പരിപാടിക്കു ശേഷം റാഞ്ചിയിലെ സമ്മേളനത്തിൽ ഖർഗെ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.